
തിരുവനന്തപുരം: ചെറിയനാട് ഭാസ്കര കാരണവർ വധക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന പ്രതി ഷെറിന് ജയിൽമോചിതയാകാം. ഇന്നും ചേർന്ന മന്ത്രിസഭാ യോഗത്തിൽ ഷെറിനെ മോചിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. ഷെറിൻ സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിലാണ് മന്ത്രിസഭാ തീരുമാനം. 14 വർഷം തടവ് പൂർത്തീകരിച്ച സാഹചര്യത്തിലായിരുന്നു ജയിൽമോചനത്തിനായി ഷെറിൻ അപേക്ഷ നൽകിയത്. സ്ത്രീയെന്ന പരിഗണന നൽകണമെന്നും തന്റെ മകൻ പുറത്തുണ്ടെന്നും അപേക്ഷയിൽ ഷെറിൻ സൂചിപ്പിച്ചിരുന്നു.
ചെറിയനാട് തുരുത്തിമേല്‍ കാരണവേഴ്സ് വില്ലയില്‍ ഭാസ്കര കാരണവരെ കൊലപ്പെടുത്തിയ കേസിലാണ് ഭാസ്കര കാരണവരുടെ മകന്റെ ഭാര്യയായ ഷെറിനെ കോടതി ശിക്ഷിച്ചത്. 2010 ജൂൺ 11നാണ് മാവേലിക്കര അതിവേഗ കോടതി ഷെറിനെ ശിക്ഷിച്ചത്. 2009 നവംബര്‍ ഏഴിനാണു ഷെറിന്റെ ഭര്‍തൃപിതാവ് കൊല്ലപ്പെട്ടത്. ഷെറിനായിരുന്നു ഒന്നാം പ്രതി. കേസിലെ രണ്ടാം പ്രതിയായ ബാസിത് അലി, മറ്റു രണ്ടു പ്രതികളും സുഹൃത്തുക്കളുമായ ഷാനുറഷീദ്, നിഥിന് എന്നിവര്‍ക്കൊപ്പമെത്തിയാണ് കാരണവരെ വധിക്കുന്നത്. സ്വത്തില്‍നിന്ന് ഒഴിവാക്കിയതിലുള്ള പ്രതികാരമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നായിരുന്നു കേസ്. കേസിൽ ഷെറിന്റെ സുഹൃത്തുകൾ ജയിലിൽ തുടരുകയാണ്.
ശാരീരിക വെല്ലുവിളികളുള്ള ഭാസ്കര കാരണവറുടെ ഇളയമകന് ബിനു പീറ്ററിന്റെ ഭാവി സുരക്ഷിതമാക്കാനും ഷെറിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനുമായിരുന്നു 2001ല്‍ ഇവര്‍ വിവാഹിതരായത്. പക്ഷേ, വൈകാതെ ദാമ്പത്യപൊരുത്തക്കേടുകള്‍ പുറത്തായി. ഷെറിന്റെ വഴിവിട്ട ബന്ധങ്ങളും പ്രണയവും പകയും ഒത്തുചേര്‍ന്നപ്പോള്‍ ഭർതൃപിതാവ് വധിക്കപ്പെട്ടു.











